Saturday, October 9, 2010

അമ്മ

1980 December 16, ശാന്തിദൂതന്‍ പിറന്ന മാസം. ധനുമാസത്തിന്റെ കുളിരുള്ള രാവുകളില്‍ ജീവന്റെ പുതിയ തുടിപ്പുകള്‍. ഇത് പുതിയ അവതാരം. ഇവിടെ സൂര്യന്‍ ജന്മം എടുക്കുകയാണ്. ആദ്യമായി കണ്ടത് മനോഹരമായ രണ്ടു കണ്ണുകള്‍. എവിടെയൊക്കെയോ തൂവെള്ള നിറത്തിന്റെ മിന്നലാട്ടം. അമ്മയുടെ കൈകളിലാണ് ഞാനിപ്പോള്‍. അന്ന് ഞാന്‍ അറിഞ്ഞ സ്നേഹസ്പര്‍ശത്തിന് ഇന്നും  ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇത് എന്‍റെ അമ്മ..കിഴക്കേടത്ത് അച്ചുത മേനോന്റെയും മുടശ്ശേരി ഗൌരി അമ്മയുടെയും അന്ജാമത് സന്താനം. അമ്മൂമ്മയുടെയും വല്യെച്ച്ചിമാരുടെയും അഴകത്രയും അമ്മയ്ക്കായിരിക്കണം കിട്ടിയിരിക്കുക. 

മുട്ടിലിഴഞ്ഞു തുടങ്ങിയ സമയം വരെ അമ്മയുടെ കൈകളില്‍ തന്നെ. അഗ്നിശര്‍മ്മന്‍ എന്ന് ആദ്യ നാമകരണം. തീക്ഷ്ണത കൂടി പോയെങ്കിലോ എന്ന ഭയം നിമിത്തം അത് മാറ്റി ദേവവ്രതന്‍ എന്നാക്കി. ഗുരുവായൂര്‍ ചോറൂണ്. രണ്ടു വയസ്സ് തികയുന്നതിനു മുന്‍പേ താമസം മുവാറ്റുപുഴയുടെ തീരത്തേക്ക് മാറിയിരുന്നു. ആ ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളെയും അന്നേ കയ്യിലെടുതിരുന്നു എന്ന് പിന്നീട് പറഞ്ഞു കേട്ടിടുണ്ട്.  അമ്മ ജോലിക്ക് പോകുമ്പോള്‍ സ്ഥിരം കരയുമായിരുന്നു. അമ്മയുമായി ചെറുപ്പത്തില്‍ വലിയ ഒരു സ്നേഹം ഉണ്ടായിരുന്നു. മൂന്നാമത്തെ വയസ്സില്‍ ഒരു ദിവസം അമ്മ പോകാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു കവിത ചൊല്ലി എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. 

ഞങ്ങടെ പാടത്ത് ടാട്ടെര്‍ വന്നെ
ടാട്ടെര്‍ കാണാന്‍ വാവ പോയെ
വാവയെ കൂട്ടാതെ അമ്മയും പോയെ
വാവേടെ കണ്ണില്‍ നിന്നും വെള്ളവും വന്നെ 

അന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ പോയ അമ്മ സങ്കടത്തോടെ തിരിച്ചു വന്നു അച്ഛന്‍ പറഞ്ഞു. അച്ഛന് പനി വന്നപ്പോള്‍ ഞാന്‍ വെപ്രാളം പിടിച്ചു വീടിനു ചുറ്റും ഓടിയ കഥയൊക്കെ അമ്മ പറഞ്ഞു കേട്ടിടുണ്ട്. അമ്മ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കളിപാട്ടം കാണും അമ്മയുടെ കയ്യില്‍. അമ്മ വാങ്ങി തന്ന അപ്പര്‍ ആയിരുന്നു എനിക്കേറ്റവും ഇഷ്ടം. കുറെ  മരക്കട്ടകള്‍ കോണ്ടു ഓരോ രൂപങ്ങള്‍ ഉണ്ടാക്കുക. അതായിരുന്നു അപ്പര്‍, എന്‍റെ പ്രിയപ്പെട്ട വിനോദം.

അമ്മ പക്ഷെ ഇപ്പോള്‍ കുറെ മാറി. വളരെ ശാന്തപ്രകൃതമായിരുന്നു അമ്മയുടെതെന്നു അച്ചന്റെ അമ്മ പറഞ്ഞു കേട്ടിടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവിടുത്തെ അനീതികളോടും മല്ലിട്ട് അമ്മ കുറെ മാറി. എന്നാലും അമ്മയുടെ സ്നേഹത്തിനു ഒരു മാറ്റവുമില്ല. പലപ്പോഴും അച്ചന്റെ തല്ലില്‍ നിന്നും അമ്മയാണ് എന്നെ രക്ഷിക്കുക. പക്ഷെ ഇപ്പോള്‍ അമ്മ ഒരുപാടു മാറിയത് പോലെ, അമ്മക്ക് ഒരു അരക്ഷിതാവസ്ഥ ഉള്ളത് പോലെ. എന്നും വിളിക്കും എന്നിട്ട് നേരത്തെ റൂമില്‍ എത്തണം, സമയത്തും കാലത്തും വല്ലതും കഴിക്കണം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും. അമ്മയുടെ സങ്കടങ്ങള്‍ അമ്മ എന്നെ വിളിച്ചു പറയാറുണ്ട്‌. പലപ്പോഴും എന്‍റെ തീരുമാനങ്ങള്‍ക്ക് താങ്ങായി അമ്മ നില കൊണ്ടിട്ടുണ്ട്. അമ്മയെ ആര്‍ക്കു വേണമെങ്കിലും പറഞ്ഞു പറ്റിക്കാം. അത്രയ്ക്ക് പാവമാണ്. അത് ജോലി സ്ഥലത്ത് പലരും മുതലെടുത്തിട്ടുമുണ്ട്. ഒരിക്കല്‍ ന്യായമായ ഒരു കാര്യത്തിനു അമ്മ തന്‍റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ അന്ന് ജലവകുപ്പ് കയ്യാളിയിരുന്ന കേരള കോണ്‍ഗ്രസിന്റെ ഒരു നേതാവ് അമ്മയെ അങ്ങ് വടക്കോട്ട്‌ സ്ഥലം മാറ്റാന്‍ ശ്രമിച്ചു. അന്ന് പിറവത്ത് വച്ചു ആ നേതാവിനെ ഞങ്ങള്‍ കുറച്ചു പേര്‍ തടഞ്ഞു. കുറച്ചു പാവപെട്ട ജനങ്ങള്‍ക്ക്‌ വേണ്ടി എടുത്ത നിലപാടാണ് അമ്മയുടെത്, അതിനു നിങ്ങള്‍ അമ്മയെ സ്ഥലം മാറ്റിയാല്‍ അതിനുള്ള മറുപടി വളരെ കടുത്തതായിരിക്കും. അതിപ്പോള്‍ അമ്മക്ക് വേണ്ടി ആകുമ്പോള്‍ ഗാന്ധി മാര്‍ഗത്തില്‍ നിന്നും അല്‍പ്പം വ്യതിച്ചലിച്ച്ചാലും കുഴപ്പമില്ല. എന്തായാലും സംഗതി ഏറ്റു. 

വളരെ ഗൌരവത്തോടെ ആണെങ്കിലും ഇടയ്ക്കു എന്നെ പഴയത് പോലെ ദേവൂ എന്ന് വിളിക്കും. സ്വന്തം മക്കള്‍ തെറ്റ് ചെയ്‌താല്‍ അമ്മ അവരെ ന്യായീകരിക്കുകയോന്നുമില്ല. അമ്മയുടെ ആദര്‍ശം അറിയാവുന്നത് കോണ്ടു തന്നെ തെറ്റുകളുടെ എണ്ണവും വലിപ്പവും വളരെ കുറവാണ്. അമ്മു ഞങ്ങളെ എല്ലാരേം വെറും മണ്ടന്മാരാക്കി പോയപ്പോലും അമ്മ ഒന്നും പറഞ്ഞില്ല. നിന്‍റെ ആദര്‍ശങ്ങള്‍ക്കും ജീവിത രീതിക്കും അവള്‍  ചേരില്ല അതുകൊണ്ട് തന്നെ അവള്‍ടെ ഇഷ്ടത്തിനു എവിടെയെങ്കിലും പോയി സുഖമായി ജീവിക്കട്ടെ എന്ന് മാത്രമാണ് അമ്മ പറഞ്ഞത്. അന്നും അമ്മ അമ്മയുടെ മനസ്സിന്റെ സ്നേഹവും വലുപ്പവും കാണിച്ചു. എന്‍റെ ഏറ്റവും മോശം സമയത്ത് പല അപകടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കാരണം അമ്മ ഉത്തെരിക്കാവില്‍ അര്‍പ്പിച്ച മനസ്സായിരുന്നു. 

വന്നു കയറിയ മരുമക്കളില്‍ അച്ഛന്റെ അമ്മക്ക് അമ്മയെ ആയിരുന്നു ഇഷ്ടം. അമ്മയുടെ മനസ്സില്‍ കള്ളത്തരമില്ല, അമ്മക്ക് പനങ്കുല പോലെ മുടിയുണ്ടായിരുന്നു എന്നൊക്കെ അച്ചന്റെ അമ്മ പറയുമായിരുന്നു. രാമനോടുള്ളതില്‍ കൂടുതല്‍ ചിന്ത അമ്മക്കെന്നെ കുറിച്ചുണ്ട് എന്ന്  പലപ്പോഴും എനിക്ക് തോന്നിയിരുന്നു. അതിനു അമ്മയുടെ ഉത്തരം പലപ്പോഴും എന്നെ ചിരിപ്പിച്ച്ചിട്ടുണ്ട്. എന്നെ ആര്‍ക്കു വേണമെങ്കിലും പറ്റിക്കാം എന്നതായിരുന്നു അമ്മയുടെ ഉത്തരം. എല്ലാ വീട്ടിലും പോകാന്‍ കഴിയാത്തത് കോണ്ടു ദൈവം അമ്മയെ സൃഷ്ട്ടിച്ച്ചു എന്ന ചൈനീസ് മൊഴി എത്ര അര്‍ദ്ധവത്താണ്. 

ഇന്ന് ഞാന്‍ ദൈവത്തെ കാണുന്നു, അതിനുള്ള കാരണം അമ്മയാണ്. അച്ചനെയും, അത് വഴി ഗുരുവിനെയും ദൈവത്തെയും കാണിച്ചു തന്നത് അമ്മയാണ്.എത്രയോ ഉയരങ്ങളില്‍ എത്താനുള വഴി അമ്മ കാണിച്ചു തന്നു, എനിക്ക് വേണമെങ്കില്‍ അമ്മയില്ലാത്ത ഉയരങ്ങളില്‍ എത്താമായിരുന്നു പക്ഷെ അമ്മ കൂടെയില്ലാതെ എനിക്ക് പൂര്‍ണത ഉണ്ടാകില്ല. എന്നും അമ്മയുടെ ഒരു വിളിപ്പാടകലെ ഞാന്‍ ഉണടാകും. 

കടലിനും കരയ്ക്കും ആകാശത്തിനും അപ്രാപ്യമാണ് നിന്‍റെ സ്നേഹം
വര്‍ണ്ണിക്കാന്‍ വാക്കുകളില്ല, ചലിക്കുന്ന തൂലികകള്‍ പോര
ആന്തരിക ഭക്തിയുടെ സ്രോതസ്സായി അമ്മയും ഭഗവതിയും ഒന്ന് തന്നെ
ജീവന്റെ തുടിപ്പുകള്‍ ഉള്ളത്ര കാലം അമ്മ തന്നെയാണ് സത്യവും വഴികാട്ടിയും.
                                                  ദേവന്‍ 






No comments:

Post a Comment