ഭാഗ്യം ദീപാരാധനയ്ക്കു മുന്‍പ് തന്നെ നടയ്ക്കലെത്തി. വേണുജി ഗസ്റ്റ് ഹൌസില്‍ മുറി ഏര്‍പ്പാട് ചെയ്തിരുന്നു. കുളി കഴിഞ്ഞ ഉടന്‍ തന്നെ കിഴക്കേ നടക്കലും അവിടെ നിന്നും വില്വാദ്രിനാധന്റെ മുന്നിലും. കര്‍ക്കിടകത്തിലെ അവസാനത്തെ ദീപാരാധന ശ്രീ രാമന്‍റെ മുന്നില്‍ തൊഴാന്‍ കഴിഞ്ഞത് മഹാഭാഗ്യം. അഹങ്കാരവും ഞാനെന്ന ഭാവവും എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
തിരുവില്വാമലയും ഞാനും തമ്മില്‍ ജന്മങ്ങളുടെ ബന്ധമുള്ളത് പോലെ. ഇടയ്ക്കിടക്ക് വരാന്‍ ഇത് പോലെ തോന്നിയ മറ്റൊരു സ്ഥലം ഉണ്ടെന്നു തോന്നുന്നില്ല. ഇവിടം സ്വര്‍ഗമാണ്. നിളയും, മലയും, ആകാശവും, രാമനും, ലക്ഷ്മണനും, രാമദൂതനും പിന്നെ ഞാനും ചേരുന്ന അപൂര്‍വ്വ സംഗമ സ്ഥാനം. പുനര്‍ജ്ജനി മലയും പ്രകൃതി ഭംഗിയും മനസ്സിന് പുതോയൊരു ജന്മം പ്രദാനം ചെയ്യുന്നു. കത്തി നില്‍ക്കുന്ന ലക്ഷദ്വീപം ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു. വില്വാദ്രിനാധന്റെ നടയില്‍ ചിന്തകളുടെ ഏകോപനം നടക്കുന്നു.
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആലിന്റെ ചുവട്ടില്‍ ധ്യാന നിമഗ്നനായി ഇരിക്കുമ്പോള്‍ മനസ്സിലും ശരീരത്തിലും ആനന്ദത്തിന്റെ കുളിര്‍കാറ്റു വീശുന്നു. ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന പുനര്‍ജ്ജന്മം സാധ്യമാകുന്നു.