അതി രാവിലെ കയ്യുണ്ണി എണ്ണ തലയില്‍ തേച്ചു കുളിക്കുന്നത് ഒരു പ്രത്യേക ഉന്മേഷം തന്നെ പ്രദാനം ചെയ്യും.ഇത് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നത്. ഓര്‍മ വച്ച കാലം മുതല്‍ കയ്യുണ്ണി പ്രയോഗം പതിവുള്ളതാണ്. അതിന്റെ ഗുണം ഉണ്ട് താനും. അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ചെന്നൈ വാസത്തില്‍ തന്നെ മുടി എത്ര പോയേനെ. കയ്യുണ്ണി എന്നാണ് ഞങ്ങള്‍ നാട്ടില്‍ വിളിക്കുക. കയ്യോന്നി ആണ് കൂടുതല്‍ ഉപയോഗത്തില്‍ ഉള്ള പദം. എക്സ്പിട്ട അല്ബഹസ്ത്ത് എന്നത് ശാസ്ത്രീയ നാമം..കടുപ്പം തന്നെ..കീ ബോര്‍ഡിന്റെ രണ്ടു അക്ഷരങ്ങള്‍ ഇളകി തെറിച്ചു. പഴയ മെഷീനില്‍ ആയിരുന്നെങ്കില്‍ വിരല്‍ കീ ബോര്‍ഡില്‍ കുടുങ്ങിയേനെ. അതെന്തുമാകട്ടെ, കയ്യുണ്ണി ഇപ്പോളും ഞങ്ങടെ പാടത്തും പറമ്പിലും ഉണ്ട്. മുന്‍പൊക്കെ തറവാട്ടില്‍ ഉള്ള ഏല്ലാര്‍ക്കും എണ്ണ ഉണ്ടാക്കുക അമ്മൂമ്മ ആയിരുന്നു. അന്നൊക്കെ കയ്യുണ്ണി പറിക്കല്‍ ഒരു ഉത്സവം ആയിരുന്നു.
കയ്യുണ്ണി ഇടിച്ച് പിഴിഞ്ഞ് തിലതൈലത്ത്തില്‍ കാച്ചിയാണ് അമ്മൂമ്മ എണ്ണ ഉണ്ടാക്കാറ്. മുടികൊഴിച്ചിലിനും കണ്ണുകള്‍ക്കും വളരെ നല്ലതാണ് കയ്യുണ്ണി എന്നാണ് പറയുക. എല്ലാ സസ്യങ്ങളും മറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഞങ്ങളോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാകാം അവനിപ്പോലും ഞങ്ങടെ അടുത്തൊക്കെ തന്നെയുണ്ട്.കയ്യുണ്ണി എണ്ണ ഒന്ന് പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റൊന്നുമില്ല കേട്ടോ.