Thursday, July 15, 2010

ഈ സര്‍പ്പകാവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്‍റെ ചിന്തകളെ ഇന്നലകളിലെക്കലയാന്‍ വിടുകയാണ്.യുഗങ്ങള്‍ മുന്‍പ് ഞാന്‍ ഇവിടെ വന്നിരുന്നു.കഴിഞ്ഞു പോയ ഓരോ ജന്മവും ഈ കാവുമായി ബന്ധപെട്ടു കിടക്കുന്നു. എന്‍റെ ഓര്‍മകള്‍ക്ക് ഒരു  ക്ഷതവും സംഭവിച്ചിട്ടില. അന്നുണ്ടായിരുന്നു മുള്‍പ്പടര്‍പ്പുകളും പുറ്റുകളും മഞ്ഞളിന്റെ ഗന്ധവും മണ്‍ചെരാതും  മഞ്ചാടിയും എല്ലാം അതുപോലെ തന്നെ. പക്ഷെ ആ വളപോട്ടുകള്‍ മണ്മറഞ്ഞു പോയിരിക്കുന്നു, ആ ചിരി നിലച്ചിരിക്കുന്നു. 

 നഗത്താന്മാര്‍ക്കും അവാസവ്യവസ്തക്കും പ്രകടമായ മാറ്റമൊന്നുമില്ല.പലയിടങ്ങളിലും തന്‍റെ സഹോദരങ്ങള്‍ക്കുണ്ടായ ദുര്‍ഗതിയില്‍ വിഷമം തോന്നിയിരിക്കാം എന്നാലും ഇപ്പോളത്തെ നിലക്ക് ഇവിടുത്തെ അന്തേവാസികള്‍ സുരക്ഷിതരാണ്‌. ഏതൊരു മലയാളിക്കും ഉള്ളത് പോലെ ഈ കാവും എന്‍റെ സുന്ദരമായ ഗ്രാമീണ ചിന്തകളുടെ ഭാഗമാണ്. പക്ഷെ മറ്റാരെക്കാളും ഈ കാവിലുള്ളവരെ  എനിക്കറിയാം. അത്രയ്ക്ക് ഇഴ ചേര്‍ന്നിരിക്കും എനിക്കും അവര്‍ക്കും പറയാനുള്ള കഥകള്‍. നാഗങ്ങളും തേളും  പഴുതാരയും ചീവീടും എല്ലാം ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഇവിടെ വിളക്കു വയ്ക്കുക പതിവുള്ളു. ആരാധിച്ചു കോണ്ടു ബുധിമുട്ടിക്കാതിരിക്കുക്ക എന്ന തത്വമായിരിക്കാം ഈ ഒരു ആശയത്തിന് പിന്നില്‍. 

അവളെ ആദ്യമായി കണ്ടത് ഈ കാവില്‍ വച്ചായിരുന്നു, അതുകൊണ്ട് തന്നെ കുഞ്ഞിക്കാവെന്നതിനപ്പുറം മറ്റൊരു പേരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. സംസാരിച്ചിരിക്കുമായിരുന്നു ഒരുപാട് നേരം. ചിലപ്പോളൊക്കെ കുഞ്ഞു നാഗങ്ങളും ഞങ്ങളോടൊത്തു കൂടുമായിരുന്നു.കുഞ്ഞിക്കാവ് പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു.  സമയം കടന്നു പോകുന്നതിനെ കുറിച്ചു പലപ്പോളും ഞങ്ങള്‍ അജ്ഞരായിരുന്നു. അന്ന് സമയത്തിനും വലിയ പ്രസക്തിയില്ലായിരുന്നു. കിന്നരനും ഗന്ധര്‍വനും യക്ഷിയും ഞങ്ങടെ ലോകത്തെ പ്രധാന കഥാപാത്രങ്ങളായി. കുന്നികുരുകള്‍ വച്ച് ഞങ്ങള്‍ നിര കളിക്കുമായിരുന്നു.പല ദിവസങ്ങളിലായി പൊട്ടി ചിതറിയ വളപൊട്ടുകള്‍ അലങ്കാരം തന്നെയായിരുന്നു. നക്ഷത്രങ്ങള്‍ ഭൂമിയിലിറങ്ങി വന്ന നേരം. 

ഇന്ന് ഇവിടെ നില്‍ക്കുമ്പോള്‍ കുറെ നല്ല ഓര്‍മ്മകള്‍ മാത്രം. നാഗങ്ങളില്‍ ഒന്ന് രണ്ടു പേര്‍ എന്നെ വന്നെത്തി നോക്കിയിട്ട് കടന്നു കളഞ്ഞു. അവര്‍ക്കറിയില്ലല്ലോ അവരുടെ ഈ തറവാട് മുന്‍പ് എന്‍റെതു, അല്ല ഞങ്ങളുടേത്  കൂടെ ആയിരുന്ന കാര്യം.കിളികളുടെ കൊഞ്ചലും തണുത്ത കാറ്റും മഞ്ഞളിന്റെ ഗന്ധവും എന്നെ തലോടി കടന്നു പോകുന്നു പക്ഷെ ഞാന്‍ അപ്പോഴും ആ വളപൊട്ടുകള്‍ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലായിരുന്നു ആ ചിരികേള്‍ക്കാനാകും എന്ന പ്രാര്‍ഥനയിലായിരുന്നു.  

2 comments:

  1. അവളെ ആദ്യമായി കണ്ടത് ഈ കാവില്‍ വച്ചായിരുന്നു, അതുകൊണ്ട് തന്നെ കുഞ്ഞിക്കാവെന്നതിനപ്പുറം മറ്റൊരു പേരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല....
    ഇഷ്ടമായി... കുഞ്ഞിക്കാവിനെ..

    ReplyDelete
  2. അവളിപ്പോള്‍ നഷ്ട്ടപ്പെട്ട വളപ്പൊട്ടുകള്‍ തേടി സര്‍പ്പക്കാവിലേക്കും തറവാട്ടു മുറ്റത്തേക്കുമുള്ളവഴിയറിയാതെ നടക്കുകയാണ്‌. നാഗങ്ങളിഴയുന്ന സര്‍പ്പക്കാവും മഞ്ഞള്‍ മണക്കുന്ന കാറ്റും അവള്‍ക്ക്‌ സുപരിചിതമാണ്‌. സൂര്യണ്റ്റെ സാമിപ്യവും ഉറക്കെയുറക്കെയുള്ള പൊട്ടിച്ചിരികളും അവള്‍ ഓര്‍മ്മിക്കുന്നുണ്ട്‌. തിരികെ വരണമെന്നുണ്ടെങ്കിലും ദിക്കറിയാതെ അലയുകയാണ്‌. സൂര്യനിതറിയുന്നുണ്ടൊ?

    ReplyDelete