കാലാവസ്ഥാവ്യതിയാനംകാരണം തകര്‍ച്ചനേരിടുന്ന കേരളത്തിലെ കൃഷിയെ രക്ഷിക്കാന്‍ ഓസ്‌ട്രേലിയയില്‍നിന്നൊരു മാതൃക. കനത്ത മഴയില്‍ വിളകള്‍ മുങ്ങിപ്പോകുന്നതും വരള്‍ച്ചയില്‍ ഉണങ്ങി നശിക്കുന്നതും പതിവാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ മാതൃക ശ്രദ്ധേയമാവുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കൃഷി ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ.കെ. സിദ്ദിഖ് ആണ് ഈ ആശയം പങ്കുവെച്ചത്. കാലാവസ്ഥാ വ്യതിയാനം കാരണം വന്‍ വിളനഷ്ടമുണ്ടായപ്പോള്‍ 1980-ഓടെ പുതുരീതികള്‍ സ്വീകരിച്ച് വിളവ് ഇരട്ടിയാക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു. ഗോതമ്പ് വിളയാതിരുന്ന മണ്ണില്‍ ഇപ്പോള്‍ പ്രതിവര്‍ഷം 250 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റിഅയയ്ക്കുന്നു.
അനുകൂല കാലാവസ്ഥയുള്ളപ്പോള്‍ പരമാവധി വിളവുണ്ടാക്കുകയാണ് ഓസ്‌ട്രേലിയന്‍ മാതൃകയുടെ ഒരു പ്രത്യേകത. ഗോതമ്പും ബാര്‍ലിയും മറ്റ് ധാന്യങ്ങളും കൃഷിചെയ്തിരുന്ന തെക്കുപടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലാണ് ഈ രീതി നടപ്പാക്കിയത്. ഇതിനായി വിളകളുടെ ജൈവ പ്രത്യേകതകള്‍ മനസ്സിലാക്കി കൃഷിരീതിയില്‍ മാറ്റംവരുത്തി. അതിവര്‍ഷത്തിന് മുമ്പ് വിളവെടുക്കാന്‍ കഴിയുന്നവിധം കൃഷിചെയ്തു. കുറഞ്ഞ വെള്ളം മതിയാവുന്ന വിളകള്‍ വേനലില്‍ കൃഷിയിറക്കി. ജനിതക ഘടനയില്‍ മാറ്റംവരുത്തി ചെടികളുടെ വളര്‍ച്ചയും പൂവിടലും നിയന്ത്രിക്കുകയുണ്ടായി.
നിലം ഉഴുതിളക്കുന്നത് ഒഴിവാക്കുകയാണ് മറ്റൊരു രീതി. മണ്ണില്‍നിന്ന് വെള്ളം ആവിയായി നഷ്ടപ്പെടുന്നത് തടയാന്‍ ഇത് സഹായിച്ചു. അതിവര്‍ഷത്തില്‍ ധാതുലവണങ്ങള്‍ ചോര്‍ന്ന് പോവില്ല. കൂടുതല്‍ വളം ചേര്‍ക്കുകയും വേണ്ട. മണ്ണൊലിപ്പ് ഉണ്ടാവുകയില്ല.
ധാന്യവിളകള്‍ മാറിമാറി കൃഷിചെയ്യുകയാണ് ഓസ്‌ട്രേലിയന്‍ മാതൃകയുടെ മറ്റൊരു സവിശേഷത. കേരളത്തില്‍ നെല്ലും എള്ളും പയറും കൃഷിചെയ്തിരുന്ന ആദ്യകാല മാതൃകതന്നെ മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഒരു വിളവില്‍ നഷ്ടമുണ്ടായാലും അടുത്തതില്‍ പരിഹരിക്കാമെന്ന ഗുണവും ഇതിനുണ്ട്. ഗോതമ്പിലുണ്ടായ നഷ്ടം പയര്‍വര്‍ഗങ്ങളിലൂടെയാണ് ഓസ്‌ട്രേലിയ നികത്തിയത്.
കീടങ്ങളെ നിയന്ത്രിക്കാന്‍ ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്. കൃഷിയിടങ്ങളില്‍ ചാലുകളും അണകളും ശാസ്ത്രീയമായി പരിഷ്‌കരിക്കേണ്ടതും കേരളത്തില്‍ ആവശ്യമാണ്.
വലിയ ഇലകളുടെ വിളയിനങ്ങള്‍ കൃഷിചെയ്യുമ്പോള്‍ മണ്ണിന് തണല്‍ കിട്ടുകയും ബാഷ്പീകരണം കുറയുകയും ചെയ്യും.
മാറുന്ന കാലാവസ്ഥയ്ക്ക് യോജിച്ച വിളകള്‍ രൂപപ്പെടുത്തുകയാണ് കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ ചുമതലയെന്നും കാലാവസ്ഥാവ്യതിയാന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. വേഗത്തില്‍ വളര്‍ന്നു വിളയുന്ന ഇനങ്ങള്‍, കുറഞ്ഞ വെള്ളം ഉപയോഗിക്കുന്ന ഇനങ്ങള്‍ തുടങ്ങിയവ കണ്ടെത്തണം. കേരളത്തിലെ അനേകം നാടന്‍ നെല്ലിനങ്ങളെയും പച്ചക്കറി ചെടികളെയും ഈ വിധം തരംതിരിച്ചും പരിഷ്‌കരിച്ചും പ്രയോജനമുണ്ടാക്കാമെന്നാണ് അഭിപ്രായം.
കടല്‍നിരപ്പുയരുന്നതുകാരണം ഉപ്പുവെള്ളം നിറയുന്ന ഭാഗങ്ങളില്‍ കൃഷിചെയ്യാവുന്ന ഇനങ്ങള്‍ വികസിപ്പിക്കുന്ന പരീക്ഷണങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. കണ്ടല്‍ചെടിയുടെ ജീന്‍ തരംതിരിച്ചെടുത്താണ് ഇത് ചെയ്യുക. മണ്ണിന്റെ സ്വഭാവം മനസ്സിലാക്കി കൃഷിയിറക്കാന്‍ കര്‍ഷകനെ പരിശീലിപ്പിക്കുകയാണ് ഓസ്‌ട്രേലിയയില്‍ വിജയിച്ച മറ്റൊരു രീതി. അനാവശ്യമായി വളവും കീടനാശിനികളും ഉപയോഗിക്കുന്നത് തടയാന്‍ ഇത് സഹായിക്കും.
മഴയും വെയിലും മാത്രമല്ല, കാര്‍ബണ്‍ഡൈ ഓകൈ്‌സഡ് കൂടുന്നതും മണ്ണിലെ അമ്ലത കൂടുന്നതും പരിഗണിച്ച് കൃഷിരീതികള്‍ ക്രമീകരിക്കേണ്ടിവരും.
നിലംനികത്തല്‍, കുളംനികത്തല്‍, വനനശീകരണം, പരിസരമലിനീകരണം, അമിത ജലചൂഷണം തുടങ്ങിയവയും കേരളത്തിലെ കൃഷിയെ പ്രതിസന്ധിയിലാക്കുകയാണ്. ഇത് തടയാനും നടപടി വേണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.
No comments:
Post a Comment