Friday, September 17, 2010

ഞാന്‍ ഇപ്പോള്‍ എന്നോട് കൂടെ തന്നെയുണ്ട്‌. പുറത്തു നേരിയ തണുപ്പുണ്ട്. ഇതെന്റെ വീട്ടിലേക്കുള്ള വഴിയാണ്. ഇവിടെ ഇപ്പോള്‍ ഞാനും കുറെ സ്വപ്നങ്ങളും മാത്രം. ചെറുപ്പത്തില്‍ കണ്ട കാഴ്ചകള്‍ തന്നയാണ് പിന്നീട് സ്വപ്‌നങ്ങള്‍ ആകുന്നതെന്ന് ഗുഹന്‍ പറഞ്ഞു കേട്ടിടുണ്ട്. ഈ വഴിയില്‍ നേരിയ തണുപ്പുണ്ട്. പക്ഷെ എനിക്ക് ഈ മുണ്ടും ഷര്‍ട്ടും മതി. മുന്‍പൊക്കെ ഇതിലും തണുപ്പുണ്ടായിരുന്നു ഈ ഇടവഴിയില്‍. ഓരോ ദിവസവും നമ്മുടെ കാലാവസ്ഥ മാറി വരികയല്ലേ. ഒരുപാട് ദൂരം പോകില്ല എന്നുറപ്പുണ്ട്‌ ,അതുകൊണ്ട് തന്നെ മറ്റൊന്നും എടുത്തിട്ടില്ല. റെയില്‍വേയുടെ അടുത്തുള്ള ആലിന്റെ ചുവടു വരെ പോയി. അവിടുത്തെ കാറ്റിനോടും ഇലകലോടും കഥ പറയുന്ന ശീലം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തിരിച്ചു നടക്കുമ്പോള്‍ പല മങ്ങിയ കാഴ്ചകളും കണ്ടു.

ഇതിപ്പോള്‍ സുര്യകാന്തിയിലെക്കുള്ള വഴിയാണ്. സ്വാഗതം ചെയ്യാന്‍ റബ്ബര്‍ മരങ്ങള്‍ . എന്‍റെ ഗ്രഹാതുരത്വത്തിന്റെ....ഓ ആ സാധനത്തിന്റെ ഒരു ഭാഗമാണ് ഈ റബ്ബര്‍ മരങ്ങള്‍. പാലക്കാട്‌ വഴി യാത്ര ചെയ്യുമ്പോളും റബ്ബര്‍ കണ്ടാല്‍ അപ്പോള്‍ നാട് ഓര്മ വരും. ഈ റബ്ബറിന്റെ ഇടയില്‍ പ്രകൃതി തന്നെ നാട്ടു വളര്‍ത്തിയ കുറെയേറെ ചെടികള്‍ ഉണ്ട്. അവയില്‍ പല തരത്തിലുള്ള പൂമ്പാറ്റകള്‍. എന്തെങ്കിലും ചെയ്യണം ഇവിടെ. ഇത്രയും നാള്‍ തിരക്കിന്റെ പേരും പറഞ്ഞും ഒഴിവായി നടന്നു. ഇനി അങ്ങനെ പോര. ആവാസ വ്യവസ്ഥക്ക് ചേര്‍ന്ന കുറച്ചു ചെടികള്‍ കൂടി നടണം.

മനോഹരമായ ഒരു താഴ്‌വരയില്‍ ആണ് ഈ സ്ഥലം. ഇറങ്ങി ചെല്ലുംതോറും തണുപ്പ് കൂടി വരും. രാമന്‍ പറഞ്ഞത് പോലെ ഈ പോങ്ങിന്‍ കാട് കാരണമാണ് ഇവിടെ ഈ തണുപ്പ് ഇവിടെ കുറച്ചു പൊങ്ങു കൂടി നടണം. വേനല്‍ കാലത്ത് ഈ പോങ്ങുകളില്‍ നിന്നും കാറ്റാടി പോലെ കുറെ ഇലകള്‍ പറന്നിറങ്ങും. നല്ല ഭംഗിയാണ്. ഇവിടം സ്വര്‍ഗമാണ്. എന്‍റെ വീടും സ്ഥലവും അല്ലെ ..ഏല്ലാര്‍ക്കും അവരവരുടെ വീടും സ്വപ്നങ്ങളും തന്നെയാണ് സ്വര്‍ഗം. എങ്ങും പോകാന്‍ കഴിയാത്ത വിധം ഇവ എന്നെ കെട്ടിയിടുന്നു.


സൂര്യന്‍ 

No comments:

Post a Comment