Thursday, June 24, 2010

അത്ഭുതം

ഇന്നത്തോടെ ഷോര്‍ണൂര്‍  ഭാഗത്തെ സര്‍വേ കഴിയുകയാണ്. ഇരുട്ട് വീണു തുടങ്ങിയിരുന്നു. താമസിക്കാനുള്ള സ്ഥലം മെമ്പര്‍ പറഞ്ഞു തന്നിരുന്നു. ഏതൊക്കെയോ ഇടവഴികളിലൂടെ നടന്നു ഒടുവില്‍ ആ പഴയ തറവാട്ടിലെത്തി. പടിപ്പുര തള്ളി തുറന്നകത്തു കടന്നു. ചുറ്റും പടര്‍ന്നു പന്തലിച്ചു നിന്ന ചെടികളും മരങ്ങളും ഇരുട്ടിനു ശക്തി കൂട്ടി. കടന്നു പോയ കാലം എട്ടുകെട്ടിന്റെ പഴമയുടെ ചാരുത എടുത്തു കാണിക്കുന്നു. 

ആരാ അവിടെ... ഉമ്മറത്ത്‌ നിന്നൊരു ശുഷ്കിച്ച ശബ്ദം. കോലായില്‍ കെട്ടി തൂക്കിയിരുന്ന ബള്‍ബിന്റെ പ്രകാശത്തില്‍ എന്‍റെ മുഖം തിരിച്ചറിഞ്ഞത് പോലെ കാര്‍ന്നോര്‍ ചോദിച്ചു..ശശാങ്കന്‍ പറഞ്ഞിട്ട് വന്ന ആളാണോ. അതെ തിരുമനസ്സേ ഞാന്‍ പറഞ്ഞു. എന്നാല്‍ കാലു കഴുകിയിട്ട് അകത്തേക്ക് പൊരൂ. അകത്തളവും കഴിഞ്ഞു നീളുന്ന യാത്ര ഇരുട്ട് തിങ്ങിനിറഞ്ഞ ഇടനാഴികളിലൂടെ... കഞ്ഞിയാണ് പതിവ്, തരപ്പെടുമോ ആ ശുഷ്കിച്ച ശബ്ദം. സന്തോഷത്തോടെ ഞാന്‍ കഞ്ഞി കുടിച്ചു. അധികമൊന്നും സംസാരിക്കാതെ പേര് പോലും പറയാതെ കിടക്കാനുള്ള മുറി കാണിച്ചു തന്നു. ചുവര്ര്ചിത്രങ്ങളും ചിത്രതൂണുകളും ആട്ടുകട്ടിലുമൊക്കെയുല്ല ഒരു വലിയ മുറി. ഇന്നും ശരറാന്തല്‍ ഉപയോഗിക്കുന്ന ഒരു മുറി ഇത് മാത്രമായിരിക്കും. ഈശ്വരവിശ്വാസം ഉണ്ടെങ്കില്‍ പ്രാര്ത്തിച്ച്ചിട്ടു  കിടക്കു...ഞാന്‍ വാതില്‍ സാക്ഷയിട്ടു കിടന്നു. താഴെ എവിടെയോ ഒരു മണിമുഴക്കം കേള്‍ക്കുന്നുണ്ടായിരുന്നു. 

കുറച്ചു കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു. ഒരു മനുഷ്യന്‍ വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു. സാമാന്യം നല്ല പൊക്കവും തടിയുമുള്ള ഒരു 60 കാരന്‍. കാണാന്‍ ഐശ്വര്യമുള്ള ഒരു മനുഷ്യന്‍. അകത്തേക്ക് വരാമോ? ഗാംഭീര്യമുള്ള ശബ്ദം. പിന്നെന്താ ഞാന്‍ പറഞ്ഞു. ഞാന്‍ ശങ്കരനാരായണന്‍ ഇതെന്റെ വീടാണ്. ഞാന്‍ അദേഹത്തെ നമസ്കരിച്ചു. കുറേ
നേരം പലതും ഞങ്ങള്‍ സംസാരിച്ചു. ഒടുവില്‍ സംസാരത്തിന് വിരാമമിട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു എനിക്ക് പോകാന്‍ നേരമായി. നിങ്ങളില്‍ ഒരു കലയുണ്ട് , സൂര്യന്റെ കല, അത് മായാതെ നോക്കുക, പുതിയ പുതിയ മാനങ്ങള്‍ക്കായി പരതുക. അനിയനോട്  ചോദിക്കേണ്ട..ഇതായിരുന്നു ഇറങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞത്. കേട്ടു പരിചിതമല്ലാത്ത ഒരു ശ്ലോകവുമായി ഇടനാഴികള്‍ താണ്ടുകയായിരുന്നു ആ ഗംഭീര മനുഷ്യന്‍. 

വന്നു കാപ്പി കുടിക്കൂ..ആ ശുഷ്കിച്ച ശബ്ദം വീണ്ടും. നേരം പുലര്‍ന്നിരിക്കുന്നു.ഇറങ്ങാന്‍ സമയം തിരുമേനിയോട് പറഞ്ഞു എനിക്ക് മറ്റേ തിരുമേനിയോട് കൂടി യാത്ര പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അതാരാണ് ഞാനല്ലാതെ മറ്റൊരു തിരുമേനി..അദ്ദേഹത്തിന് സംശയം.ശങ്കരനാരായണന്‍ തിരുമേനി..ഞാന്‍ പറഞ്ഞു. അദേഹത്തിന്റെ കണ്ണുകള്‍ വികസിക്കുന്നത് ഞാന്‍ കണ്ടു. കുട്ടി ചെല്ലൂ ശശാങ്കന്‍ പടിക്കല്‍ കത്ത് നില്‍പ്പുണ്ട്. 

ശങ്കരനാരായണന്‍ തിരുമേനി നാട് വിട്ടു പോയിട്ട് വര്ഷം 10 കഴിയുന്നു. ജീവിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ശശാങ്കന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഒരു കനത്ത നിശ്വാസത്തോടെ ഞാന്‍ ആ മനയെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവിടെ ഉമ്മറത്ത് ഞങ്ങളെയും നോക്കി ആ ശുഷ്കിച്ച രൂപം നില്‍പ്പുണ്ടായിരുന്നു. 

ഓര്‍മ്മകള്‍ മാര്‍ച്ച്‌ 2000 


No comments:

Post a Comment