Thursday, May 27, 2010

പ്രിയപ്പെട്ട ഭട്ടതിരി മാഷിന്....മാഷ് പറഞ്ഞത് പോലെ ഞാന്‍ തിരിച്ചെത്തി . ഹിമാലയത്തിന്റെ ഏതെങ്കിലും താഴ്‌വരയില്‍ നിന്ന് മാഷിത് വായിക്കും എന്നെനിക്കറിയാം. ഭട്ടതിരി മാഷെ...എത്ര കാലമായി ഞാന്‍ മാഷിനെ ഇങ്ങനെ അഭിസംഭോധന ചെയ്തിട്ട്. അന്നത്തെ ആ സംഭവത്തിന്‌ ശേഷം ശരീരത്തിനും മനസ്സിനും കാര്യമായി  മുറിവേറ്റു  എന്നൊരു തോന്നല്‍. പലതും മറന്നു പോകുന്നത് പോലെ. കൈ വഴങ്ങുന്നില്ല, അക്ഷരങ്ങള്‍ പലപ്പോഴും എന്നെ പരിഹസിക്കുന്നത് പോലെ.മാഷെ എന്നാ വിളിയില്‍ പോലും ഒരു നിസ്സംഗത ഒളിഞ്ഞു കിടക്കുന്നത് പോലെ. മനസ്സ് നിസ്സഹായതയുടെ മൂര്തികരനമായി മാറുന്നുവോ എന്നൊരു സംശയം. ഒരു വന്‍ ജനാവലിക്ക് നടുവില്‍ മടുപ്പിക്കുന്ന ഒരേകാന്തത.ഇന്നിവിടെ എനിക്ക് ചുറ്റും പുല്‍ത്തകിടികളും അവയെ തഴുകി വരുന്ന സുഗന്ധവാഹിനിയായ തെന്നലുമുണ്ട്,പക്ഷെ ഞാന്‍ തളര്‍ന്നു veezhukayanu മാഷെ.

ഞാന്‍ പിന്നിട്ട കൈവഴികള്‍, നാളുകള്‍, യുഗങ്ങള്‍ ഓര്‍മയില്‍ നിന്നും വാരിയെടുത്തു നോക്കി. തോടും നീര്‍ച്ചാലുകളും നടവരമ്പും,ഇടവഴികളും,പടിപ്പുരകളും, പിച്ചകവും,കവിയരങ്ങുകളും,വിപ്ലവവും......മാഷ് ഓര്‍ക്കുന്നുണ്ടോ രാമേട്ടനെ..തീരാ ദുരിതങ്ങളിലേക്ക് ഒരു നോക്കുകുത്തി പോലെ അയാള്‍ ഇന്നും ജീവിച്ചിരിക്കുന്നു. ചന്ദ്രഗിരി പുഴയുടെ തീരത്ത് നിന്ന് മാഷ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.....എന്നും ദുരിതങ്ങള്‍ മാത്രം പേറാന്‍ വിധിക്കപെട്ടവന്റെ അവസാനത്തെ അത്താണി...അതിനു പോലും അവര്‍ക്കിന്നു അവകാശമില്ല.അതിന്‍റെ വ്യാപ്തിയറിയാന്‍ ഇന്നും എനിക്ക് കഴിയുന്നില്ല.  എത്രയെത്ര ജീവിത മുഹുര്‍ത്തങ്ങള്‍, എല്ലാം അന്യമാകുന്നത്‌ പോലെ. നമ്മുടെ സമൂഹം സംസ്കാരം എന്നാ ചട്ടകൂടില്‍ ഒതുങ്ങി നില്ക്കാന്‍ ആഗ്രഹിക്കുനത് കൊണ്ടാകാം പല കാര്യങ്ങളും എനിക്ക് ഗ്രഹിക്കാന്‍ കഴിയാതെ പോകുന്നത്. 

കഴിഞ്ഞ ദിവസം ഒരു സുഹൃത്തെന്നോട് ചോദിച്ചു നീ നിന്നെ തിരിച്ചറിയുന്നുണ്ടോ എന്ന്. ചിരിച്ചു മാഷെ കുറെ കാലത്തിനു ശേഷം മനസ്സ് തുറന്നു. നമ്മുടെ പഴയ ഡയലോഗ് ഉണ്ടല്ലോ" ഞാനോ ഒരു നിയോലിബറല്‍ ടെമോക്രസിയുടെ ചട്ടകൂടില്‍ ഒതുങ്ങി പോയ യുഗങ്ങള്‍ നീണ്ട അജ്നതാതവാസം അനുഭവിക്കുന്ന ഒരു അരക്കിറുക്കന്‍". അതെന്തായാലും ചില അപ്രിയസൂക്തങ്ങളുടെ കാവല്‍ക്കാരനായി ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു.

ഒരിക്കല്‍ കൂടി വയനാടന്‍ ചുരം കയറണ്ടേ മാഷെ.ഈ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ എന്റെ സിരകളില്‍ ഉന്മാദ നൃത്തം ചവിട്ടുന്നു.....നഷ്ടപ്പെട്ട് പോകുന്ന നാട്ടുത്തനിമകള്‍  ഓരോന്നായി എന്നെ മാടിവിളിക്കുന്നു....

No comments:

Post a Comment